ചണ്ഡിഗഡ്: അധോലോക സംഘത്തലവൻ ലോറൻസ് ബിഷ്ണോയിയുടെ മുൻ സംഘാംഗം ഇന്ദർ പ്രീത് സിംഗ് എന്ന പാരി (35) വെടിയേറ്റു മരിച്ചു.
തിങ്കളാഴ്ച രാത്രി ടിംബർ മാർക്കറ്റിനു സമീപമായിരുന്നു സംഭവം. അധോലോക സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലയ്ക്കു പിന്നിലെന്നു പോലീസ് സംശയിക്കുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പാരി എസ്യുവിയിൽ പ്രൈവറ്റ് ക്ലബ് നടത്തിവരികയായിരുന്നു.
വാഹനം മാർക്കറ്റിനു സമീപത്തുനിന്നു നീങ്ങിത്തുടങ്ങിയപ്പോൾ പാരിക്കൊപ്പമുണ്ടായിരുന്ന ആൾ ക്ലോസ് റേഞ്ചിൽ പാരിക്കുനേർക്കു വെടിയുതിർത്തു. പിന്നാലെയെത്തിയ മറ്റൊരു വാഹനത്തിൽനിന്ന് ഒരാൾ ഇറങ്ങിവന്ന് വീണ്ടും വെടിയുതിർത്ത് പാരിയുടെ മരണം ഉറപ്പുവരുത്തിയശേഷം രക്ഷപ്പെടുകയായിരുന്നു. പത്തു വെടിയുണ്ടകളാണ് വാഹനത്തിൽനിന്നു കണ്ടെടുത്തത്.
പിന്നീട് ഹരി ബോക്സർ എന്ന പേരിലുള്ള വ്യാജ ഫേസ്ബുക് അക്കൗണ്ടിൽനിന്ന് അർസൂ ബിഷ്ണോയി എന്നയാൾ കൊലപാതകത്തിന്റെ ഉത്തവാദിത്വം ഏറ്റെടുത്തു. ലോക്കൽ ക്ലബ്ബുകളിൽനിന്ന് പാരി കോടിക്കണക്കിനു രൂപ കവർച്ച ചെയ്തിട്ടുണ്ടെന്നും ഇതിനു പ്രതികാരമായാണ് കൊല നടത്തിയതെന്നുമാണ് പോസ്റ്റിലുള്ളത്.